ന്യൂയോർക്ക്: ഇന്റർനെറ്റിന്റെ ഇന്ന് കാണുന്ന ഘടന രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച, ഇന്റർനെറ്റിന്റെ പിതാക്കന്മാരിൽ ഒരാളായ വിന്റൺ ഗ്രേ സെർഫ് ഗൂഗിളിൽനിന്ന് വിരമിക്കുന്നു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷമാണ് 83കാരനായ ഈ അമേരിക്കൻ കംപ്യൂട്ടർ ശാസ്ത്രജ്ഞൻ ഗൂഗിളിന്റെ ചീഫ് ഇവാൻജലിസ്റ്റ് പദവിയിൽനിന്ന് അടുത്ത ആഴ്ച പടിയിറങ്ങുന്നത്. അരനൂറ്റാണ്ടിലധികം നീണ്ടതാണ് അദ്ദേഹത്തിന്റെ ഐടി കരിയർ.
ബാങ്കിംഗ്, വിദ്യാഭ്യാസം, വാണിജ്യം തുടങ്ങി ഇന്നത്തെ ഡിജിറ്റൽ ലോകത്തെ സകല വിനിമയങ്ങൾക്കും വഴിതുറന്നത് വിന്റ് സെർഫും സഹപ്രവർത്തകനായ റോബർട്ട് കാനും ചേർന്നാണ്. 1970കളിൽ ഇവർ വികസിപ്പിച്ചെടുത്ത ട്രാൻസ്മിഷൻ കൺട്രോൾ പ്രോട്ടോക്കോൾ/ഇന്റർനെറ്റ് പ്രോട്ടോക്കോൾ ആണ് വ്യത്യസ്ത കംപ്യൂട്ടർ നെറ്റ്വർക്കുകൾക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള നിയമങ്ങൾ ഉണ്ടാക്കിയത്. ഇത് കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കാനും ഇന്നത്തെ ഇന്റർനെറ്റിന്റെ പിറവിക്കും കാരണമായി.
ഈ വിപ്ലവകരമായ കണ്ടുപിടുത്തത്തിന് കംപ്യൂട്ടിംഗ് രംഗത്തെ നോബൽ സമ്മാനമായി കണക്കാക്കപ്പെടുന്ന ട്യൂറിംഗ് അവാർഡ്, യുഎസ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം എന്നിവ നൽകി ലോകം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2005ലാണ് അദ്ദേഹം ഗൂഗിളിൽ വൈസ് പ്രസിഡന്റായും ചീഫ് ഇന്റർനെറ്റ് ഇവാഞ്ചലിസ്റ്റായും ചുമതലയേൽക്കുന്നത്.
ലാഡ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഓപ്പൺ ഫ്രണ്ടിയർ കോൺഫറൻസിനിടെയാണ് ഈ പ്രഖ്യാപനമുണ്ടായത്. ആർഐഎസ്സി പ്രോസസർ ആർക്കിടെക്ചറിന്റെ സഹ സ്രഷ്ടാവും യുസി ബെർക്ക്ലി പ്രഫസറുമായ ഡേവ് പാറ്റേഴ്സൺ ആണ് സെർഫിന്റെ വിരമിക്കൽ വാർത്ത വേദിയിൽ അറിയിച്ചത്.
ഗൂഗിളിൽനിന്ന് വിരമിക്കുമ്പോഴും സാങ്കേതികവിദ്യയുടെ ഭാവിയെക്കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാടുകൾ സെർഫ് പങ്കുവച്ചു. വരും കാലങ്ങളിൽ എഐ ഏജന്റുകൾ കമ്പനികളുടെ പ്രവർത്തന ശൈലി പൂർണമായും മാറ്റുമെന്നും എന്നാൽ അവയുടെ ആശയവിനിമയ രീതിയിൽ മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്തെ പരസ്പരം ബന്ധിപ്പിച്ച ഓപ്പൺ പ്രോട്ടോക്കോളുകൾ സമ്മാനിച്ച വിന്റ് സെർഫ് പടിയിറങ്ങുമ്പോൾ, എഐ വ്യവസായത്തിന് അദ്ദേഹം നൽകുന്ന അവസാന സന്ദേശവും അതുതന്നെയാണ്, യന്ത്രങ്ങൾ സ്മാർട്ടായാൽ മാത്രം പോരാ, അവയ്ക്ക് പരസ്പരം കൃത്യമായി മനസിലാക്കാൻ സാധിക്കണം.